ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) സ്ഥാപനങ്ങളിൽ സാങ്കേതികവിദ്യയും സംരംഭകത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി യുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് കെഎസ്യുഎം സിഇഒ അനൂപ് അംബികയും ഐഎച്ച്ആർഡി ഡയറക്ടർ ഡോ അരുൺ കുമാർ വി എ യും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ധാരണാപത്രം അനുസരിച്ച് ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തേക്ക് സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടവും ഗവേഷണ വികസന കേന്ദ്രവും സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കും. കൊട്ടാരക്കരയിലെ ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് സ്റ്റാർട്ടപ്പുകൾക്കുള്ള ആദ്യ തൊഴിലിടവും ഗവേഷണ വികസന കേന്ദ്രവും സ്ഥാപിക്കുക.
കൊട്ടാരക്കര ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിലവിലുള്ള ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (ലീപ്) സെന്ററുകൾ കോ-വർക്കിംഗ് സ്പേസാക്കി മാറ്റും. കൊട്ടാരക്കര ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ 3,800 ചതുരശ്രയടി കെട്ടിടത്തിലാണ് സ്റ്റാർട്ടപ്പ് മിഷൻ ഗവേഷണ വികസന കേന്ദ്രം തുറക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
ഐഎച്ച്ആർഡി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ വ്യവസായികൾ, സ്റ്റാർട്ടപ്പ് മേഖലയിലെ മാർഗനിർദേശകർ, നിക്ഷേപകർ എന്നിവരുമായി സ്റ്റാർട്ടപ്പ് മിഷൻ ബന്ധിപ്പിക്കും. സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികൾ സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടം, ഗവേഷണ വികസന കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഇൻകുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ വഴി ലഭിക്കുന്ന വരുമാനം ധാരണാപത്ര കാലയളവിൽ കെഎസ്യുഎമ്മും ഐഎച്ച്ആർഡിയും പങ്കിടും.