എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
മുൻഗണനാകാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.
കേരളത്തിന് മാത്രമായി ഇതിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെയടക്കം ബാധിക്കാൻ ഇടയുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
മാർച്ച് 15, 16, 17 തീയതികളിൽ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നു. ഒരേ സമയം റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടക്കുമ്പോൾ സർവ്വറിൽ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം ഈ ദിവസങ്ങളിൽ നിർത്തിവയ്ക്കുകയുമുണ്ടായി.ഇന്റർനെറ്റുമായി ബന്ധപ്പെട്ട സാധാരണ സേവനങ്ങളിൽ തന്നെ പലപ്പൊഴും തടസ്സം നേരിടുന്നതിന് നാം അനുഭവസ്ഥരാണ്. എന്നാൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.
സംസ്ഥാന ഐ.ടി മിഷൻ, കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള NIC,UADAI, BSNL എന്നിങ്ങനെ 4 ഏജൻസികൾ സാങ്കേതികമായി സഹകരിച്ചുകൊണ്ടാണ് ഗുണഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുന്നത്. ഇതെല്ലാം 12 സെക്കന്റിനുള്ളിൽ പൂർത്തിയാകണം. ഇല്ലെങ്കിൽ Time out ആകും.
ഇതിൽ ഏതിലെങ്കിലും ഉണ്ടാകുന്ന പാകപ്പിഴ മൂലം പ്രക്രിയ മുഴുവൻ തകരാറിലാകാം. ഇന്ന് രാവിലെ മസ്റ്ററിംഗ് നടത്താൻ ചില പ്രയാസങ്ങൾ നേരിട്ടു. ഇന്ന് 1,82,116 മുൻഗണനാകാർഡ് അംഗങ്ങൾക്കു മാത്രമേ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഉടനേ 2 തവണ ഉന്നതതലയോഗം ചേർന്നു.സ്റ്റേറ്റ് ഐ.ടി മിഷൻ, ഐ.ടി വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, NIC ഇവരുടെയെല്ലാം ഉന്നത ഉദ്യോഗസ്ഥർ എന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. സെർവ്വറിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് ഇന്നുണ്ടായ തടസ്സം എന്ന് വിലയിരുത്തുകയും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ മുഴുവൻ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. മാർച്ച് 31 ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി മതിയായ സമയം നൽകും. കിടപ്പ് രോഗികൾക്ക് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും. നാളെയും മറ്റന്നാളും (മാർച്ച് 16, 17) മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കും മസ്റ്ററിംഗ്. എന്നാൽ മസ്റ്ററിംഗ്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിനുവേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള പിങ്ക് കാർഡ് അംഗങ്ങൾക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാൻ റേഷൻ വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കണം.
നാളെയും മറ്റന്നാളും (മാർച്ച് 16, 17) മാഞ്ഞ കാർഡൊഴികെ റേഷൻ വിതരണം നടത്താൻ പാടില്ല എന്ന നിർദ്ദേശം റേഷൻ വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നിർദ്ദേശം എല്ലാവരുമായി കൂടിയാലോചന നടത്തി ഞായറാഴ്ച വൈകുന്നേരം പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു