ലോക്സഭയുടെ ആദ്യദിനത്തിൽ പ്രധാനമന്ത്രിയാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രധാനമന്ത്രിയെ ലോക്സഭാ സെക്രട്ടറി ജനറൽ ക്ഷണിച്ചപ്പോൾ എൻഡിഎ അംഗങ്ങൾ കരഘോഷം മുഴക്കി; ജയ്ശ്രീറാം വിളികളും മുഴങ്ങി. ഭരണഘടനയുടെ പകർപ്പ് ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. പ്രധാനമന്ത്രി പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ, പ്രോടെം സ്പീക്കർ പാനലിലെ രാധാമോഹൻസിങ്, ഫഗൻസിങ് കുലസ്തെ എന്നിവർ പ്രതിജ്ഞയെടുത്തു. തുടർന്നു കേന്ദ്ര മന്ത്രിസഭയിലെ ലോക്സഭാംഗങ്ങൾ. അമിത് ഷായുടെ പേരു വിളിച്ചപ്പോൾ പ്രതിപക്ഷം ഭരണഘടന ഉയർത്തിക്കാട്ടി. നിതിൻ ഗഡ്കരിയെ ക്ഷണിച്ചപ്പോൾ ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷ അംഗങ്ങളും മേശയിലടിച്ചു. മന്ത്രിമാർക്കുശേഷം, അക്ഷരമാലക്രമത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും തിരിച്ച് അംഗങ്ങളെ പ്രതിജ്ഞയ്ക്കു ക്ഷണിച്ചു. മധ്യപ്രദേശ് വരെയുള്ള സംസ്ഥാനങ്ങളിലെ അംഗങ്ങൾ പ്രതിജ്ഞയെടുത്തു. മറ്റുള്ളവർ ഇന്ന് പ്രതിജ്ഞയെടുക്കും. ജമ്മു കശ്മീരിൽനിന്നുള്ള അംഗങ്ങൾ ഇന്നലെ പ്രതിജ്ഞയെടുത്തെങ്കിലും ജയിലിലായതിനാൽ അബ്ദുൽ റഷീദ് ഷെയ്ഖിന് പങ്കെടുക്കാനായില്ല. ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ഹർജി ഡൽഹി റൗസ് അവന്യു കോടതി അടുത്ത മാസം ഒന്നിനാണു പരിഗണിക്കുക. ലോക്സഭാ സ്പീക്കറെ നാളെ തിരഞ്ഞെടുക്കും.