ആലപ്പുഴ: കേരളത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താന്‍ സര്ക്കാന് പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മത്സ്യതൊഴിലാളി മേഖലയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങള്‍ നല്കി മത്സ്യതൊഴിലാളി സമൂഹത്തിലെ പുതു തലമുറയെ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. വിദ്യാഭ്യാസ കായിക പ്രോത്സാഹനങ്ങള്‍ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാര്‍ഥികള്‍ക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാര്‍ഡായി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രപദമായ പദ്ധതിയായ ഗ്രൂപ് ഇന്‍ഷുറന്‍സിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 188 ഗുണഭോക്താക്കള്‍ക്കായി 18.88 കോടി രൂപ വിതരണം ചെയ്തു. ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രത്യേക തുക ഈടാക്കുന്നില്ല. സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ കുറവ് വരുത്തുന്നതിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ഇന്‍ഷുറന്‍സ് അദാലത്തില്‍ 201 പരാതികള്‍ പരിഗണിക്കാനായി. ഇവയില്‍ 167 എണ്ണത്തിന് 15.83 കോടി രൂപ ആനുകൂല്യം നല്കി. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കായി 16 ക്ഷേമ പദ്ധതികളും അനുബന്ധത്തൊഴിലാളികള്‍ക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്. 60,747 പേര്‍ക്കാണ് ബോര്‍ഡിലൂടെ പെന്ഷന് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എം.എല്‍.എ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭാംഗം റീഗോ രാജു, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, കമ്മീഷണര്‍ എന്‍.എസ്. ശ്രീലു, ബോര്‍ഡ് അംഗങ്ങളായ സക്കീര്‍ അലങ്കാരത്ത്, കെ.കെ. രമേശന്, സി. പയസ്, സോളമന് വെട്ടുകാട്, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അംഗം സി. ഷാംജി, തീരദേശ വികസന കോര്പ്പറേഷന് അംഗം പി.എ. ഹാരിസ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി.എസ്. രാജേഷ്, പി.എസ്. ബാബു, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യംസ്, മത്സ്യഫെഡ് ജില്ല മാനേജര്‍ എ. ഷാനവാസ്, മത്സ്യ ബോര്‍ഡ് ആലപ്പുഴ റീജിയണല്‍ എക്സിക്യൂട്ടീവ് എ.വി. അനിത, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഗൈഡ് പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു
2023-24 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും കായിക മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടിയവര്‍ക്കുമുളള പ്രോത്സാഹന അവാര്‍ഡുകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.
ആലപ്പുഴ മേഖലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ 10 എ+ ലഭിച്ച 209 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 10.45 ലക്ഷം രൂപയും ഒമ്പത് എ+ ലഭിച്ച 62 വിദ്യാര്‍ഥികള്‍ക്ക് 4000 രൂപ നിരക്കില്‍ 2.48 ലക്ഷം രൂപയും എട്ട് എ+ ലഭിച്ച 54 വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ നിരക്കില്‍ 1.62 ലക്ഷം രൂപയും വിതരണം ചെയ്തു. പ്ലസ് ടു വിഭാഗത്തില്‍ എല്ലാ വിഷയത്തിലും എ+ ലഭിച്ച 71 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 3.55 ലക്ഷം രൂപ വിതരണം ചെയ്തു. കായിക വിഭാഗത്തില്‍ എട്ട് കുട്ടികള്‍ക്ക് 37000 രൂപയും ഗവ:ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ നിരക്കില്‍ 6000 രൂപയും ചേര്‍ത്ത് ആകെ 406 വിദ്യാര്‍ഥികള്‍ക്കായി 18.53 ലക്ഷം രൂപയും വിതരണം ചെയ്തു.
അനുബന്ധത്തൊഴിലാളിത്തൊഴിലാളി വിഭാഗത്തില്‍ 10 എ+ ലഭിച്ച 45 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 2.25 ലക്ഷം രൂപയും ഒമ്പത് എ+ ലഭിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് 4000 രൂപ നിരക്കില്‍ 48,000 രൂപയും, എട്ട് എ+ ലഭിച്ച 16 വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ നിരക്കില്‍ 48,000 രൂപയും പ്ലസ് 2 വിഭാഗത്തില്‍ എല്ലാ വിഷയത്തിലും എ+ ലഭിച്ച 17 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ 85,000 രൂപയും ചേര്‍ത്ത് 90 വിദ്യാര്‍ത്ഥികള്‍ക്ക് 4.06 ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു.