ല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി ഇടുക്കിയിൽ സ്ഥാപിക്കുന്ന മിനി ഫുഡ് പാർക്ക് ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കർഷക ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ അധ്വാനമാണ് ആഹാരമായി നമുക്ക് മുന്നിലെത്തുന്നത്. അവരെ ആദരിക്കാനുള്ള ഒരു അവസരവും പാഴാക്കരുത്. കാലാവസ്ഥ വ്യതിയാനം മൂലം ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കുന്നതിനാണ് മിനി ഫുഡ് പാർക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്. മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അവസരം ഇവിടെ ലഭിക്കും. വരൾച്ച മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകും. കൂടുതൽ യുവാക്കളെ കാർഷികവൃത്തിയിലേക്ക് എത്തിക്കുന്നതിന് കൃഷിവകുപ്പിന്റെ ഭാഗത്ത്നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകും. അടുത്ത വർഷം മുതൽ വിവിധ പഞ്ചായത്ത് തലങ്ങളിൽ ആദരിക്കപ്പെടുന്ന കർഷകരിൽ നിന്ന് മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നവരെ തിരഞ്ഞെടുത്ത് ജില്ലാ തലത്തിൽ അനുമോദിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപടിയിൽ മികച്ച കർഷകരെ മന്ത്രി ആദരിച്ചു. കഞ്ഞിക്കുഴി , കാമാക്ഷി പഞ്ചായത്തുകളിൽ നടന്ന കർഷകദിനാഘോഷങ്ങളിലും മന്ത്രി പങ്കെടുത്തു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ജെ ബെന്നി ,പ്രിസിപ്പൽ കൃഷി ഓഫീസർ കെ പി സെലീനാമ്മ ,കൃഷി ഓഫീസർ ആഗ്നസ് ജോസ്,ജനപ്രതിനിധികൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.