എംപോക്സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. യു.എ.ഇ.യിൽനിന്ന് ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത് . ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. ഇന്ത്യയിൽ കണ്ടെത്തുന്ന എംപോക്സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണ് ഇത്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം ദ്രുതഗതിയിൽ പടരുന്നതയാണ് റിപ്പോർട്ടുകൾ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.