ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം; ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ക്യാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡിസംബര്‍ 7ന് രാവിലെ 10.30ന് നിര്‍വഹിച്ചു. ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുക, മരണം പരമാവധി കുറയ്ക്കുക, രോഗത്തെപ്പറ്റിയുള്ള അനാവശ്യ ഭയം ഒഴിവാക്കുക, ക്ഷയ രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാ പിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, ക്ഷയരോഗ പ്രതിരോധ ചികിത്സ നല്‍കുക, ക്ഷയരോഗ ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാന്‍, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആര്‍ദ്രം ആരോഗ്യം വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്ഷയരോഗം കൂടി ഉള്‍പ്പെടുത്തി. അവരുടെ വിശദമായ പരിശോധന ഈ ക്യാമ്പയിന്‍ കാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.