അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ആറാം ഘട്ടത്തിന് ജനുവരി 30ന് ജില്ലയില്‍ തുടക്കമാകും

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലൂന്നി കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ആറാം ഘട്ടത്തിന് ജനുവരി 30ന് ജില്ലയില്‍ തുടക്കമാകും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 30 മുതല്‍ രണ്ടാഴ്ചകാലം വരെയാണ് അശ്വമേധം ഭവന സന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, തൊഴില്‍ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
നിലവില്‍ ജില്ലയില്‍ 23 രോഗികള്‍ ചികിത്സയിലുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരില്‍ ആരും തന്നെ അംഗവൈകല്യമുള്ളവരില്ല. ജില്ലയില്‍ ഏഴ് വയസ്സുള്ള കുട്ടിയും 80 വയസുള്ള മുതിര്‍ന്ന പൗരനും വിജയകരമായി ചികിത്സ പൂര്‍ത്തികരിച്ചിട്ടുണ്ടന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ കെ സന്തോഷ് പറഞ്ഞു. 2018, 2022 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറില്‍ നടത്തിയ ആദ്യഘട്ട ക്യാമ്പെയിനില്‍ 24 ലെ പ്രസി കേസുകളും 2019-2020 ല്‍  33 ഉം 2020-21 ല്‍ 18 ഉം, 2021-22 ല്‍ 21 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കായിരുന്നു.  ജില്ലയില്‍ മധൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ കുഷ്ഠരോഗികളുള്ളത്.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. കുഷ്ഠരോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണ്ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുളള ഉപദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് വരുത്തുന്നതാണ്. ഭവന സന്ദര്‍ശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 2722 വോളന്റീയര്‍മാര്‍ക്ക് പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.
ആരംഭത്തിലെ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം. നിറം മങ്ങിയതോ, ചുവന്നതോ ആയ സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ് കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിനു ശേഷം മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ചികിത്സ എടുക്കാത്ത കുഷ്ഠരോഗികളില്‍ നിന്ന് മാത്രമേ കുഷ്ഠരോഗം പകരുകയുള്ളു. വിവിധ (Multi drug Therapy-MDT)/യിലൂടെ ഏതവസ്ഥയിലും കുഷഠരോഗം പരിപൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ (PB Paucibacillary) ആറ് മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ (MB Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠരോഗത്തിനുളള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം ആയിരം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്നുണ്ട്.
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ.സന്തോഷ്,  ഡെപ്യുട്ടി  എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കൃഷ്ണദാസ്,  എന്നിവര്‍ പങ്കെടുത്തു.