കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗ് നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയവയോടൊപ്പം മറ്റ് കാൻസറുകളും സ്ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്ക്രീനിംഗിനായുള്ള സംവിധാനങ്ങൾ ഒരുരുക്കിയിട്ടുണ്ട്. സ്ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. രോഗം സംശയിക്കുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവുക. സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്ക്രീനിംഗ് ലഭ്യമാണ്. ബി.പി.എൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന നടത്തുക. എ.പി.എൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗ് നടത്തി.
