കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയുടെ സംസ്ഥാന സ്കൂള്‍തല പ്രവര്‍ത്തനോദ്ഘാടനം കൊല്ലം ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു.
വിദ്യാര്‍ഥികളുടെ മൂല്യാധിഷ്ഠിതവ്യക്തിത്വവികസനം സാധ്യമാക്കാനും യുവതലമുറയില്‍ നവകേരളനിര്മിതിയെസംബന്ധിച്ച് ആരോഗ്യകരമായ മനോഭാവംവളര്ത്താനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
കൗമാരപ്രായക്കാരായ വിദ്യാര്‍ഥികളിലെ അനഭിലഷണീയ പ്രവണതകള്‍ക്ക് ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ശാശ്വതപരിഹാരം കാണും. ഇതിനായാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് സെല്ലും സംയുക്തമായി പദ്ധതിനടപ്പിലാക്കുന്നത്. സ്കൂള്‍കാലഘട്ടത്തില്‍, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന അനുഭവങ്ങള്‍ കുട്ടികളുടെമാനസികാരോഗ്യത്തെ ബാധിക്കുമെന്ന്കണ്ട് മാനസിക-ശാരീരിക-സാമൂഹികാരോഗ്യം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ.സുജിത് വിജയന് പിള്ള എം.എല്‍.എ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജെ.ഡി ഡോ.എസ്.ഷാജിത പദ്ധതി അവതരിപ്പിച്ചു. ചവറ ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക പി.അര്‍ച്ചന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാര്‍, എസ്.എം.സി ചെയര്മാന് എം.ജെ.ജയകുമാര്‍, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ആര്.ഗിരീഷ്, ചവറ ജി.എച്ച്.എസ്.എസ് ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപിക എലിസബത്ത് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.