വിദേശത്തുനിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റിന് അവസരം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: വിദേശത്തുവെച്ച് കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലായ കോവിന്‍ ആപ്പ് വഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. നടപടികള്‍ പുരോഗമിക്കുകയാണെന്നും, സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉടന്‍ പ്രാബല്യത്തില്‍വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അംഗീകരിക്കാത്ത വിദേശ വാക്സിന്‍ എടുത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയിലാണ് സംവിധാനം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഡോസ് എടുത്തവര്‍ക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും.

സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനകം പ്രതിരോധകുത്തിവെയ്പ്പ് എടുത്തവര്‍ വീണ്ടും ഇന്ത്യയില്‍ നിന്നും പ്രതിരോധകുത്തിവെയ്പ്പ് എടുക്കേണ്ടതില്ല. ഇത്തരം ആളുകള്‍ക്ക് കോവിന്‍ പ്ലാറ്റ്ഫോം വഴി സര്‍ട്ടിക്കറ്റുകള്‍ ലഭ്യമാകും.