സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  എം.കെ. മുനീറിന്റെ  അടിയന്തരപ്രമേയത്തിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഹൈ-സ്പീഡ് റെയില്‍വെ ഒരു കി.മി. പണിയണമെങ്കില്‍ 280 കോടി രൂപയാണ് ചെലവ് വരിക. എന്നാല്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സെമി ഹൈ-സ്പീഡ് റെയില്‍വെയ്ക്ക് 120 കോടി രൂപ മാത്രമാണ് ചെലവ്.

ഹൈസ്പീഡ് റെയില്‍വെ പദ്ധതി കേരളത്തില്‍ പ്രായോഗികമല്ല. കേരളം പോലുള്ള സംസ്ഥാനത്ത് ഓരോ 50 കിലോ മീറ്ററുകളിലും സ്റ്റോപ്പുകള്‍ ഉള്ളതിനാല്‍ അര്‍ദ്ധ അതിവേഗത പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. 11 സ്റ്റോപ്പുകളാണ് പദ്ധതിക്കായി വിഭാവനം ചെയ്തത്. സ്റ്റേഷനുകള്‍ തമ്മിലുള്ള കുറഞ്ഞ അകലം കാരണം ഹൈസ്പീഡ് ട്രെയിനിന് 300-500 കിലോമീറ്റര്‍ വേഗത കൈവരിച്ചുകൊണ്ട് ഓടാന്‍ കഴിയുന്ന ദൂരം വളരെ പരിമിതമായിരിക്കും. ഇക്കാരണത്താല്‍ ഇരു ട്രെയിനുകളും തമ്മിലുള്ള വേഗതയില്‍ വലിയ വ്യത്യാസമുണ്ടാകില്ല. ഉദാഹരണം എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ഹൈ സ്പീഡില്‍ 62 മിനുട്ട് വേണ്ടി വരും.

ഇതേ ദൂരം 85 മിനുട്ട് കൊണ്ട് സെമി  ഹൈ സ്പീഡ് ട്രെയിന്‍ സഞ്ചരിക്കും. 18 മിനുട്ടിന്റെ വ്യത്യാസമാണ് ഇവിടെ വരുന്നത്. ഇക്കാരണത്താലാണ് ഹൈസ്പീഡ് പദ്ധതി ഉപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത്.