കൊച്ചി: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തേതിനേക്കാള്‍ വിശ്വാസ്യത കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള ലാബുകള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ച സുരേന്ദ്രന്‍, ആവശ്യമുന്നയിച്ച് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്‌ടോബര്‍ 11ന് കെ. സുരേന്ദ്രനും കേസിലെ മുഖ്യ സാക്ഷി പ്രസീത അഴിക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നല്‍കിയിരുന്നു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.