മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശിത്ത് കഴിഞ്ഞ ദിവസം ലഭിച്ച ശക്തമായ മഴ പുന:പരിശോധനാ സാധ്യതകള്‍ തള്ളിക്കളയുന്നതായാണ് റിപ്പോര്‍ട്ട്.
സെക്കന്റില്‍ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന തമിഴ്‌നാട് നേരത്തെ നിരസിച്ചിരുന്നു.
അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന് സമീപത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. അതേസമയം, അണക്കെട്ടിന്റെ മേല്‍നോട്ട സമിതി തമിഴ്‌നാടിന് അനുകൂലമായ ഏകപക്ഷീയ നിലപാട് തുടരുന്നതിലുള്ള അതൃപ്തി കേരളം സുപ്രീം കോടതിയെ അറിയിച്ചു.