സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിര്‍മാണം നടത്തും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരിച്ച കൈരളി-നിള-ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സിനിമ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനായി ‘സമം’ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സങ്കടകരമാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കാന്‍തന്നെയാണു തീരുമാനം. ഇതിന്റെ ഭാഗമായാണു പ്രത്യേക നിയമ നിര്‍മാണത്തിനു നടപടിയെടുക്കുന്നത്. വരുന്ന ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളില്‍ ഇതു യാഥാര്‍ഥ്യമാകും. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന ബോധ്യം സമൂഹത്തില്‍ സൃഷ്ടിക്കും. സിനിമ – സാംസ്‌കാരിക രംഗത്തെ കലാകാരന്‍മാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ സംരക്ഷണ കേന്ദ്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

150 കോടി മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതു പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഷൂട്ടിങ് കേന്ദ്രമായി ഇവിടം മാറും. ഇതു കേരളത്തിന്റെ സിനിമ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ഷൂട്ടിങിനും സിനിമ വ്യവസായത്തിനും കരുത്തേകുന്ന സിനിമ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സിനിമ വ്യവസായത്തില്‍ ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു കൂടുതല്‍ തിയേറ്ററുകള്‍ നിര്‍മിക്കും. നിലവില്‍ 17 തിയേറ്ററുകളാണുള്ളത്. ഇത് 50 ആക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍, 18ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐ.എഫ്.എഫ്.കെ) നടത്തിപ്പിനായി കൈരളി – നിള – ശ്രീ തിയേറ്ററുകള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനു കൈമാറി. ചലച്ചിത്ര മേഖലയ്ക്കു മികച്ച സംഭാവനകള്‍ നല്‍കിയ ചലച്ചിത്രകാരന്‍മാരെയും സാങ്കേതിക വിദഗ്ധരേയും ചടങ്ങില്‍ ആദരിച്ചു. കെ.എസ്.എഫ്.ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ബോര്‍ഡ് അംഗങ്ങളായ ഭാഗ്യലക്ഷ്മി, മോഹന്‍കുമാര്‍, ബി. അജിത്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.