26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകള്‍ മുഴുവന്‍ മലയാളികള്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിന് ജില്ലകള്‍തോറും സിനിമ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സമാപന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ സമാപന ചടങ്ങ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സിനിമയടക്കം എല്ലാ കലാരൂപങ്ങളെയും വലിയ തോതില്‍ സഹായിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു സിനിമ മ്യൂസിയം ആരംഭിക്കുന്നതിനു ബജറ്റില്‍ തീരുമാനമെടുത്തിട്ടുണ്ട്. ലോക സിനിമയുടെ ചരിത്രവും സാങ്കേതികവിദ്യയിലടക്കമുണ്ടായ മുന്നേറ്റങ്ങളും അനാവരണം ചെയ്യുന്നതാകും ഈ മ്യൂസിയം. തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് കെ.എസ്.എഫ്.ഡി.സിക്കു നല്‍കുന്ന സഹായത്തിനു പുറമേ കൂടുതല്‍ സഹായങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എഫ്.എഫ്.കെ. മേളയില്‍നിന്നു തെരഞ്ഞെടുത്ത 66 ചിത്രങ്ങള്‍ ഏപ്രിലില്‍ കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അറിയിയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും മേളയ്ക്കു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണു ജില്ലകള്‍ തോറും ചിത്രങ്ങള്‍ കാണാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നല്ല സിനിമകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കുകയെന്നതാണു സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ അമ്പതാം വര്‍ഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ചു.
ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നതാലി അല്‍വാരെസ് മെസെന്‍ന്റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കന്‍ ചിത്രം ക്ലാരാ സോള നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അല്‍വാരെസിനാണ്. പ്രേക്ഷകപ്രീതി ഉള്‍പ്പടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കല്‍ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മല്‌സര വിഭാഗത്തില്‍ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കല്‍ നേടിയത്.
മികച്ച സംവിധായകനുള്ള രജതചകോരം കമീലാ കംസ് ഔട്ട് റ്റു നെറ്റിന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമര്‍ സംവിധാനം ചെയ്ത യു റീസെമ്പില്‍ മി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവര്‍ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു. (സംവിധായിക -താരാ രാമാനുജന്‍ ). മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി.
രാജ്യാന്തര മല്‌സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അര്‍ഹയായി. ഇസ്രയേല്‍ ചിത്രം ലെറ്റ് ഇറ്റ് മി മോര്‍ണിംഗും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ബോളിവുഡ് താരം നവാലസുദ്ദീന്‍ സിദ്ദീഖി, സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ജൂറി അംഗങ്ങളായ ഗിരീഷ് കാസറവള്ളി, രശ്മി ദുരൈസാമി, അശോക് റാണെ, അമൃത് ഗംഗാര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞിജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി അജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.