ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡും

ന്യൂഡല്‍ഹി: ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഇതിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി പുഷ്‌കാര്‍ ധാമി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

സുപ്രീംകോടതി റിട്ട. ജഡ്ജ് രഞ്ജനാ ദേശായ് അദ്ധ്യക്ഷനായ കരട് കമ്മിറ്റിയില്‍ ഡല്‍ഹി ഹൈക്കോടതി റിട്ട. ജഡ്ജ് പ്രമോദ് കോഹ്ലി, ഡൂണ്‍ സര്‍വകലാശാലാ വി.സി സുരേഖാ ധംഗ്വാള്‍, മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരായ ശത്രുഘ്നന്‍ സിന്‍ഹ, മനു ഗൗദ് എന്നിവര്‍ അംഗങ്ങളാണ്. ജമ്മുകാശ്മീര്‍ അതിര്‍ത്തി നിര്‍ണയ കമ്മിഷന്‍ മേധാവിയാണ് ജസ്റ്റിസ് രഞ്ജനാ ദേശായ്.

വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, സംരക്ഷണം തുടങ്ങിവയുമായി ബന്ധപ്പെട്ട നിലവിലുള്ള വ്യക്തിഗത സിവില്‍ നിയമങ്ങള്‍ പരിശോധിച്ച് ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കാമെന്ന റിപ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കും. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാകുന്ന വിധത്തിലായിരിക്കും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മേയ് 31ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചമ്പാവത്ത് അസംബ്‌ളി മണ്ഡലത്തിലെ പ്രചരണ റാലിയിലായിരുന്നു ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ പ്രഖ്യാപനം. ഹിമാചല്‍പ്രദേശിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അസാമി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.