പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.
”ഇന്നു രാവിലെ, പുതിയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു.”
”പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംസാരിക്കാന്‍ എനിക്കു സാധിച്ചു. അവരുടെ പ്രയത്നങ്ങളില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടും.” പ്രധാനമന്ത്രിയുടെ ട്വീറ്റ് ചെയ്തു.
വെങ്കലംകൊണ്ടു നിര്‍മിച്ച ദേശീയ ചിഹ്നത്തിന് ആകെ 9500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തായുള്ള വിശ്രമകേന്ദ്രത്തിന്റെ മുകളിലായാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. ഇതിനു താങ്ങായി 6500 കിലോ വരുന്ന ഉരുക്കുചട്ടക്കൂടും നിര്‍മിച്ചിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രേഖാചിത്രവും മറ്റു പ്രക്രിയകളും ക്ലേ മോഡലിങ്/കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് മുതല്‍ വെങ്കലംകൊണ്ടു വാര്‍ക്കുന്നതും മിനുക്കുപണിയുംവരെയുള്ള എട്ടു വ്യത്യസ്തഘട്ടങ്ങളിലൂടെയാണു കടന്നുപോയത്.