കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

കരൾ മാറ്റിവെച്ചവർക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ഓപ്പൺ ടെണ്ടർ വിളിച്ച് കരൾ രോഗികൾക്കുള്ള മരുന്ന് സുലഭമായി ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

കരൾ മാറ്റിവെച്ച ഒരാൾക്ക് പ്രതിമാസം 6000 രൂപയുടെ മരുന്ന് ആവശ്യമാണ്. ജില്ലയിലെ പലർക്കും ഈ ചെലവ് താങ്ങാനാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സൗജന്യ മരുന്ന് വിതരണത്തിന് പദ്ധതി ആരംഭിച്ചത്. അപേക്ഷിച്ച 34 പേരിൽ 11 പേർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കുള്ള മരുന്ന് നൽകി. ബാക്കിയുള്ളവർക്ക് ഘട്ടംഘട്ടമായി വിതരണം ചെയ്യും. കാരുണ്യ വഴി കെ എം സി എല്ലിൽ നിന്നാണ് 19 ഇനം മരുന്നുകൾ വാങ്ങിയത്. രോഗികൾക്ക് അനുയോജ്യമായ ബ്രാന്റുകളാണ് നൽകിയത്.

ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബുൾ ലത്തീഫ് എന്നിവർ സംബന്ധിച്ചു.