നവകേരള സൃഷ്ടിക്കായി ജ്ഞാനോൽപ്പാദനം നടത്താൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ജേതാക്കളോട് മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കായി ജ്ഞാനോൽപ്പാദനം നടത്താൻ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഷിപ്പ് (രണ്ടാം ബാച്ച്) നേടിയ 68 പേർക്ക് ഫെലോഷിപ്പ് വിതരണം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സൃഷ്ടി പ്രധാനമായാണ് സർക്കാർ കാണുന്നത്.  അതിനാവശ്യമായ പുതിയ അറിവുകൾ സൃഷ്ടിക്കൽ പ്രധാനമാണ്. ആ അറിവുകൾ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും വേണം. ഈ അറിവുൽപ്പാദനമാണ് ഫെല്ലോഷിപ്പ് ജേതാക്കളുടെ പ്രാഥമിക ദൗത്യം”,  മുഖ്യമന്ത്രി  ചൂണ്ടിക്കാട്ടി.

ചെറുപ്പക്കാർക്ക് പുതിയ കാലം ആവശ്യപ്പെടുന്ന നൈപുണികൾ ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ മേഖല ആകെ നവീകരിക്കുകയാണ്. വിജ്ഞാനം ഏതൊരു സമൂഹത്തിന്റെയും വികസനത്തിനു ആവശ്യമാണ്.  ലോകത്തെവിടെയും ഉണ്ടാകുന്ന വിജ്ഞാനം കേരളത്തിൽ ഇരുന്നുകൊണ്ട് നമുക്ക്  സ്വാംശീകരിക്കാം.  എന്നാൽ ബൗദ്ധിക സ്വത്തവകാശ നിയമംപേറ്റന്റ് എന്നിവ വ്യാപകമാകുമ്പോൾ പ്രതിസന്ധി ഉളവാക്കുന്നു.  അതിനാലാണ്  അറിവുൽപ്പാദനം അനിവാര്യമാകുന്നത്.  ജ്ഞാനോൽപ്പാദനത്തിന് ഗവേഷണം സുപ്രധാനമാണ്.  ഗവേഷണത്തിന് അത്ര പ്രോത്സാഹനം ലഭിക്കുന്ന രാജ്യമല്ല നമ്മുടേത്. ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറവ് ഫണ്ട് ഗവേഷണത്തിന് നീക്കിവയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കേരളം ഇവിടെ വേറിട്ടുനിൽക്കുന്നു.  കഴിഞ്ഞ ബജറ്റിൽ 7500 കോടി രൂപയാണ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് എന്ന ഇനത്തിൽ നീക്കിവെച്ചത്. ഗവേഷണ മേഖലയിൽ മുൻഗണനാ ക്രമത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. വിജ്ഞാന ഉൽപാദനത്തിന്റെ ഭാഗമായുണ്ടാകുന്ന അറിവുകൾ പൊതുജനങ്ങൾക്ക് സേവനമായി ലഭ്യമാക്കുന്നതിനാണ് ട്രാൻസ്ലേഷനൽ റിസർച്ച് ലബോറട്ടറികൾ എന്ന ആശയം വരുന്നത്. കേരളത്തിലെ 10 സർവകലാശാലകളിൽ ട്രാൻസ്ലേഷനൽ റിസർച്ച് ലബോറട്ടറികൾ തുടങ്ങാൻ 200 കോടി രൂപ വകയിരുത്തിയത് മുഖ്യമന്ത്രി എടുത്തുകാട്ടി.

നവകേരള പോസ്റ്റ് ഡോക്ടർ ഫെല്ലോകളെ തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ നാഷണൽ അക്കാദമി ഫെല്ലോ മാതൃകയിൽ കുറ്റമറ്റ രീതിയിലാണ്. നിരന്തര മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് യു.ജി തലം മുതൽ ബിരുദാനന്തര ബിരുദതലം വരെ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ്കൈരളി അവാർഡ്,  കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് എന്നിവ നൽകിവരുന്നു. ഗവേഷണ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടിയാണ് 30 മികവിന്റെ കേന്ദ്രങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ പത്തെണ്ണം തുടങ്ങിക്കഴിഞ്ഞു. 

നമ്മുടെ മികച്ച ഗവേഷകർ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന ബ്രെയിൻഡ്രെയിൻ ഗവേഷണ മേഖലയിലെ പ്രധാന വെല്ലുവിളിയാണെന്നും എന്നാൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ മലയാളി ഗവേഷകരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നതിനായി ബ്രെയിൻ ഗെയ്ൻ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. നൊബേൽ ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അറിവും അനുഭവസമ്പത്തും ഇവിടെയുള്ളവരുമായി പങ്കുവയ്ക്കുന്ന സ്‌കോളർ-ഇൻ-റെസിഡൻസ് പദ്ധതിയും നടപ്പാക്കുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും അഭിമാനകരമായ പദ്ധതികളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി വകുപ്പ് ആവിഷ്‌കരിക്കുന്ന നാനാവിധ പദ്ധതികളിൽ പ്രമുഖമാണ് ഈ പദ്ധതി. ജനപക്ഷത്തു നിൽക്കുന്ന വൈജ്ഞാനിക സാമൂഹ്യ മാതൃക സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. രണ്ടാമത്തെ വർഷം കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തിലെ മികച്ച ഫെലോഷിപ്പുകളിൽ ഒന്നായി മാറി. നാളത്തെ കേരള സമൂഹത്തിന് ഫെലോഷിപ്പ് ജേതാക്കൾ വലിയ സംഭാവന നൽകുമെന്ന് കരുതുന്നതായും അവർ പറഞ്ഞു. ഈ വർഷം 68 പേരാണ് ഫെല്ലോഷിപ്പിന് അർഹരായത്. ഇവർക്ക് ആദ്യവർഷം പ്രതിമാസം 50,000 രൂപ വീതവും രണ്ടാം വർഷം പ്രതിമാസം ഒരു ലക്ഷം രൂപ വീതവുമാണ് ഫെല്ലോഷിപ്പ് ലഭിക്കുക.  ഇതിനു പുറമേ കണ്ടിജൻസി ഫണ്ടായി ഒരു വർഷം രണ്ട് ലക്ഷം രൂപയും ലഭിക്കും.

കഴിഞ്ഞ വർഷം 77 പേരാണ് ഫെല്ലോഷിപ്പിന് അർഹരായത്. പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ,  വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.