ശാസ്ത്രസാങ്കേതിക രംഗത്ത് വനിതകളുടെ കുതിച്ചുചാട്ടമാണ് വി സാറ്റ് രൂപകല്പനയിലൂടെ തെളിഞ്ഞു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യത്തെ, വനിതകളാൽ നിർമിച്ച സാറ്റലൈറ്റ് മായി ബന്ധപ്പെട്ടു യൂണിവേഴ്‌സിറ്റി കോളജിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക രംഗത്തെ നേട്ടങ്ങൾ സമൂഹത്തിലേക്കെത്തിക്കുന്നതിനു വനിതകൾ മുൻപന്തിയിലുണ്ടാകണം. നിർമിത ബുദ്ധി റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്തണമെന്നും അവയുടെ പ്രോത്സാഹനത്തിനായി സർക്കാർ എന്നും മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് എവിടെയും അഭിമാനത്തോടെ പറയാവുന്ന ഒരു പേരായി എൽ ബി എസ് വനിതാ എൻജിനീയറിങ് കോളേജ് മാറി എന്നും സർക്കാരിന്റെ പിന്തുണ മുൻപെന്നപോലെ എപ്പോഴും ഉണ്ടാകുമെന്നും മന്ത്രി പറയുകയുണ്ടായി.
കേരളസർക്കാരിന്റെ കേരളീയം 2023 നോട് അനുബന്ധിച്ചു പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനിയറിങ് കോളജിലെ വിസാറ്റ് (വിമെൻ എൻജിനീയേർഡ് സാറ്റലൈറ്റ്) നിർമാണത്തിന്റെ പിന്നിലുള്ള അധ്യാപകരായ ഡോ. ലിസി എബ്രഹാം, ഡോ. രശ്മി ആർ, ഡോ. സുമിത്ര എം.ഡി., വിദ്യാർഥിനികളായ ഷെറിൽ മറിയം ജോസ്, ദേവിക, സൂര്യ ജയകുമാർ എന്നിവർക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ശ്രീമതി ഡോ. ആർ ബിന്ദു എക്‌സെല്ലെൻസ് അവാർഡുകൾ വിതരണംചെയ്തു. കൂടാതെ പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിലെ പേറ്റന്റുകൾ നേടിയ അധ്യാപകരായ ഡോ. ലിസിഎബ്രഹാം, ഡോ. രശ്മി ആർ., പ്രൊഫസർ നീതിനാരായണൻ എന്നിവർക്കും പ്രശംസാപത്രം നൽകുകയുണ്ടായി. ചടങ്ങിൽ എൽ ബി എസ് ഡയറക്ടർ ഡോ. എം അബ്ദുൾ റഹ്മാൻ, കോളജ് പ്രിൻസിപ്പൽ ഡോ. ജയമോഹൻ ജെ. തുടങ്ങിയവരും സന്നിഹിതരായിരുന്നു.