ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള പുതിയ വ്യാപാര സംരംഭങ്ങൾക്ക് വഴിയൊരുക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു. അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്പന്നങ്ങൾ വ്യാപാര മേളയിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി പാർട്ടണർ സംസ്ഥാനമായാണ് കേരളം പങ്കെടുക്കുന്നത്. ‘വസുധൈവകുടുംബകം യുണൈറ്റഡ് ബൈ ട്രേഡ് ‘ എന്ന തീമിൽ ആണ് കേരളം പവിലിയൻ ഒരുക്കിയിട്ടുള്ളത്.
മുസിരിസ് മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള വ്യാപാര സൂചകങ്ങളും ഒപ്പം പ്രാചീന കാലം മുതൽ കേരളവുമായുള്ള ലോക രാജ്യങ്ങളുടെ വ്യാപാരബന്ധവും സ്പൈസ് റൂട്ടുമാണ് പവിലിയനിൽ ദൃശ്യമാകുന്നത്. സർഫസ് പ്രൊജക്ഷനും, ത്രീ.ഡി. ഹോളോ ഗ്രാഫിക്ക് ഡിസ്പ്ലേ സിസ്റ്റം വഴിയും വ്യാപാര കാലഘട്ടങ്ങളും സംസ്ഥാനത്തിന്റെ വ്യാപാര വളർച്ചയും പവലിയിനിയിൽ കാണാവുന്നതാണ്. 627 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 44 സ്റ്റാളുകളാന്ന് പവിലിയനിൽ ഒരുക്കുന്നത്. 10 എണ്ണം തീം സ്റ്റാളുകളും 34 എണ്ണം കൊമേർഷ്യൽ സ്റ്റാളുകളുമാണ്.
ടൂറിസം വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, വ്യാവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കയർ വികസന വകുപ്പ്, ഡയറക്ടർ ഓഫ് പഞ്ചായത്ത്, കോ ഓപ്പറേറ്റിവ് സൊസൈറ്റി, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കുടുംബശ്രീ കെ.ബിപ്, മാർക്കറ്റ് ഫെഡ്, കൾച്ചർ വകുപ്പ്, ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്, കൈരളി, തീരദേശ വികസന കോർപ്പറേഷൻ, പഞ്ചായത്ത് വകുപ്പ്, ഹാന്റെക്സ്, ഹാൻവീവ്, ഖാദി & ഗ്രാമ വ്യാവസായ ബോർഡ്, എസ്.റ്റി വകുപ്പ്, കോ ഓപ്പറേറ്റിവ് സൊസൈറ്റിസ്, കൃഷി വകുപ്പ്, കേരഫെഡ്, ഔഷധി എന്നിവയുടെ സ്റ്റാളുകളാണ് പവലിയനിലുള്ളത്. രുചിമേളം തീർക്കാൻ കുടുംബശ്രീയുടെയും സാഫിന്റെയും ഫുഡ് കോർട്ടുകളും ഒരുങ്ങി കഴിഞ്ഞു. കേരളത്തിന്റെ തനത് ഉല്പന്നങ്ങളും വിഭവങ്ങളുമാണ് സ്റ്റാളിൽ ലഭിക്കുന്നത്.
ജീനൻ. സി ബി., ബിനു ഹരിദാസ്, ജിഗീഷ് സി.ബി എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം കലാകാരന്മാർ ചേർന്നാണ് ഈ വർഷത്തെ പവിലിയൻ തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ഇവരുടെ നേതൃത്വത്തിൽ ഒരുക്കിയ കേരള പവിലിയൻ ഗോൾഡ് മെഡൽ നേടിയിരുന്നു.
കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ അജിത്ത് കുമാർ, അഡിഷണൽ റെസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണ, ഐ&പി.ആർ.ഡി അഡിഷണൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ്, കേരള ഹൗസ് കൺട്രോളർ സി എ. അമീർ പ്രോട്ടോക്കോൾ ഓഫീസർ ആർ. റെജി കുമാർ, ഇൻഫർമേഷൻ ഓഫീസർ സിനി.കെ. തോമസ്, കെ.എസ്. ഇ ബി റെസിഡന്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അനുപ്രിയ പട്ടേൽ നിർവഹിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്ഥാനത്തെ പ്രതിനിധികരിച്ച് റെസിഡന്റ് കമ്മീഷണർ അജിത്ത് കുമാർ പങ്കെടുത്തു.