ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ചഅമ്മയുടെ ആരോഗ്യംക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021ൽ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ൽ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചിൽ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.

നവജാതശിശു പരിചരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നിലവിൽ കേരളത്തിൽ 24 എസ്.എൻ.സി.യു. പ്രവർത്തിക്കുന്നു. ഇത് കൂടാതെ 64 എൻ.ബി.എസ്.യു.101 എൻ.ബി.സി.സി. എന്നിവ സർക്കാർ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.

അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങൾക്ക് ഈ പദ്ധതി വഴി ചികിത്സ നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തിയിട്ടുണ്ട്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 6600 ഓളം കുഞ്ഞുങ്ങളേയാണ് ഇതിലൂടെ രക്ഷിക്കാനായത്.

ഒരു വർഷം കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ഒരു ലക്ഷത്തി പതിനായിരം കുട്ടികളാണ് ജനിക്കുന്നത്.

ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽകൗൺസിലർ ഡി.ആർ. അനിൽമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനഡെപ്യൂട്ടി ഡയക്ടർ ഡോ. സന്ദീപ്ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻഎസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദുജില്ലാ പ്രോഗ്രാം മാനേജർ ആശാ വിജയൻസ്റ്റേറ്റ് ന്യൂ ബോൺ റിസോഴ്സ് സെന്റർ നോഡൽ ഓഫീസർ രാധികചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ യു.ആർ. രാഹുൽആർ.സി.എച്ച്. ഓഫീസർ ഡോ. കൃഷ്ണവേണിഐ.എ.പി.എൻ.എൻ.എഫ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.