ന്യൂയോര്‍ക്ക്: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19ന് എതിരായ വാക്‌സിന്‍ നിര്‍മ്മാണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക സോഷ്യല്‍ മീഡിയകളെന്ന് വിദഗ്ധര്‍. വിജയകരമായ രീതിയില്‍ വാക്‌സില്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും, അതിന്റെ വിതരണത്തിന് വ്യാജവാര്‍ത്തകള്‍ വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജനങ്ങള്‍ കോവിഡിനെ അഭിമുഖീകരിക്കുമ്പോള്‍ നേരിടുന്ന ഭയം, കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോഴും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വാക്‌സിന്‍ സ്വീകരിച്ചാല്‍ ശരീരം അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് സ്വീകര്‍ത്താവ് ചിന്തിക്കുക. ഇത്തരം ചിന്തകള്‍ക്കിടയില്‍ വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍കൂടി എത്തുമ്പോള്‍ സാഹചര്യം വളരെ മോശമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസര്‍ വാക്‌സിന് ബ്രിട്ടണ്‍ അനുമതി നല്‍കിക്കഴിഞ്ഞു. വാക്‌സിന്‍ ഉപയോഗത്തിന് റഷ്യ നേരത്തെതന്നെ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ഇതിനിടെ ഏവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു.
ബൈഡന്റെ ട്വീറ്റിന് ലഭിച്ച മറുപടികള്‍ വാക്‌സിന്‍ വിതരണത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. വാക്‌സിന്‍ വിതരണത്തിന്റെ മറവില്‍ തങ്ങളുടെ ശരീരത്ത് നാനോചിപ്പുകള്‍ കുത്തിവെച്ച് നിരീക്ഷിക്കാനുള്ള പദ്ധതിയല്ലേ എന്ന് തുടങ്ങുന്ന മറുപടികാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വെല്ലുവിളികളെ മറികടക്കാന്‍ ടെക് ലോകം എന്ത് മാര്‍ഗ്ഗം സ്വീകരിക്കുമെന്ന് കണ്ടറിയാം.