അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആകസ്മിക പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശാനുസരണം ഇന്റേണൽ വിജിലൻസ് ഓഫീസർമാർ/അസിസ്റ്റൻറ് ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തണമെന്ന് സ.ഉ (സാധാ) നം. 442 /2024/ LSGD ഉത്തരവ് പ്രകാരം സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിൽ പരാമർശിച്ചിരുന്ന പര്യാപ്തമായ എണ്ണം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ സ്ഥാപിച്ചിട്ടുണ്ടോ, അപകട സാഹചര്യങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് അഗ്നിശമന വാഹനം എത്തിച്ചേരുന്നതിന് ആവശ്യമായ വഴി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ, ഷോർട്ട് സർക്യൂട്ട് ഉണ്ടാകാത്ത തരത്തിൽ വയറിങ് നടത്തിയിട്ടുണ്ടോ, ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ടോ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധനയ്ക്കു വിധേയമാക്കി. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.