കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പനി കഠിനമായ ക്ഷീണം, തലവേദന, നടുവ് വേദന പേശി വേദന തുടങ്ങിയവ എലിപ്പനി രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം, ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തിൽ ഏർപ്പെടുന്നവരും മറ്റും കൈയ്യുറകൾ, കാലുറകൾ എന്നിവ ധരിക്കണം. കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ മലിനമായ വെള്ളവും മണ്ണുമായുള്ള സമ്പർക്കം ഉണ്ടാകാതെ നോക്കണം. ജോലി ചെയ്തതിനുശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ശീലിമാക്കുക. മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ഇടയാകുന്ന ജോലികളിൽ ഏർപ്പെടുന്നവരും ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീൻ പിടിക്കാൻ ഇറങ്ങുന്നവരും ജോലിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കൃത്യമായി ഇടവേളകളിൽ ഡോക്സി ഗുളിക കഴിക്കുക. പേശി വേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് വെറും പനി എന്നോർത്ത് സ്വയം ചികിത്സ ചെയ്യരുത്. സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടുക. മീൻ പിടിക്കാൻ വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിൽ ആ വിവരം ആരോഗ്യ പ്രവർത്തകരോട് പറയാൻ മറക്കരുത്.