ആരോഗ്യരംഗത്ത് അപൂര്‍വനേട്ടം കൈവരിച്ച് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

മുന്‍നിര ആശുപത്രികള്‍ കയ്യൊഴിഞ്ഞ രോഗിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സംസ്ഥാന ആരോഗ്യരംഗത്ത് വീണ്ടും അപൂര്‍വനേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ശരീരത്ത് ക്രമാതീതമായി വളര്‍ന്ന ട്യൂമറിലൂടെ ജീവിതം ദുസ്സ്വഹമായ കോട്ടയം സ്വദേശി ജോ ആന്റണി ആണ് ശസ്ത്രക്രിയക്ക് വിധേയനായത്. 4 വര്‍ഷം മുമ്പാണ് ജോ ആന്റണിയില്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. പിന്നീട് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കീമോതെറാപ്പി നല്‍കി. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരുന്നു.

ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ശ്വാസംമുട്ടല്‍, നടക്കുബോള്‍ പ്രയാസം, കൈ അനക്കാന്‍ വയ്യ തുടങ്ങി പല ബുദ്ധിമുട്ടുകളും ഉണ്ടായി തുടങ്ങി. തുടര്‍ന്ന് വിവിധ സ്വാകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നല്‍കി മടക്കി വിട്ടു. പിന്നീട് മെഡിക്കല്‍ കോളേജിലെത്തുകയും ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 25ന് ശസ്ത്രക്രിയ നടന്നു. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രയായിലൂടെ 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്യ്തു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.