വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയിൽ മാനസികാരോഗ്യ ദുരന്തനിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ജില്ലയിൽ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങൾ ഈ ടീം ഉറപ്പാക്കുന്നു. സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേൾക്കുവാനും അവർക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോൾ പ്രവർത്തകർ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതിൽതന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗർഭിണികളുടെയും പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നുണ്ട്.
ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകൾ ഊർജിതമായി നിലനിർത്തുവാൻ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് ദുരന്ത ബാധിത മേഖലയിൽ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.
ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും ടീമുകൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ പിന്മാറ്റ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നൽകി വരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റെസ്‌ക്യൂ മിഷൻ പ്രവർത്തകർ എന്നിവർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ഈ ടീം നൽകുന്നതാണ്.
ഇതുകൂടാതെ ‘ടെലി മനസ്സ്‘ 14416 എന്ന ടോൾ ഫ്രീ നമ്പരിലൂടെ 24 മണിക്കൂറും മാനസിക പ്രശ്നങ്ങൾക്കും, വിഷമങ്ങൾക്കും സംശയ നിവാരണങ്ങൾക്കും സേവനം ലഭ്യമാണ്.