റീബില്‍ഡ് കേരള: ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കായ കെ. എഫ്. ഡബ്ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ് കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നല്‍കാന്‍ ലോകബാങ്കും ജര്‍മന്‍ ബാങ്കും തയ്യാറായിരിക്കുന്നത്.

പദ്ധതികളുടെ ഫലം വിലയിരുത്തിയുള്ള, അഞ്ച് വര്‍ഷ കാലയളവിലേക്കുള്ള, സഹായമാവും ലോകബാങ്ക് രണ്ടാം ഘട്ടത്തില്‍ നല്‍കുക. റീബില്‍ഡ് കേരളയുടെ വികസന പദ്ധതികള്‍ക്കൊപ്പം സംസ്ഥാന ആരോഗ്യ മിഷന്റെ കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹായം വിനിയോഗിക്കാനാവും. 2021 ഏപ്രിലില്‍ ലോകബാങ്കുമായി വായ്പാ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലവിതരണം, ശുചീകരണം, കാലാവസ്ഥബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇന്‍ഷ്വറന്‍സും ഫിനാന്‍സിങ്ങും എന്നിവയ്ക്കാണ് ജര്‍മന്‍ ബാങ്കിന്റെ സഹായം ലഭ്യമാവുക. ഈ മാസം 18ന് കെ. എഫ്. ഡബ്്ള്യുവുമായി കരാര്‍ ഒപ്പുവയ്ക്കും. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റീബില്‍ഡ് കേരള സി. ഇ. ഒ ആര്‍. കെ. സിംഗ് അറിയിച്ചു.

ആദ്യഘട്ട സഹായം എന്ന നിലയില്‍ ലോകബാങ്ക് 1779.58 കോടി രൂപയാണ് റീബില്‍ഡ് കേരളയ്ക്ക് നല്‍കിയത്. ജര്‍മന്‍ ബാങ്ക് 170 മില്യണ്‍ യൂറോയും നല്‍കി. നവംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 7192.78 കോടി രൂപയുടെ പദ്ധതികള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 12 വകുപ്പുകള്‍ മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. 3755.79 കോടി രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുകയും 2831.41 കോടി രൂപയുടെ കരാര്‍ നല്‍കുകയും ചെയ്തു. 509.90 കോടി രൂപ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വിതരണം ചെയ്തു. 2019 മുതല്‍ 2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണ് റീബില്‍ഡ് കേരളയില്‍ അസൂത്രണം ചെയ്തിട്ടുള്ളത്.