അമീബിക് മസ്തിഷ്കജ്വരം :പ്രത്യേക ജാഗ്രത വേണം

ആലപ്പുഴ: സമീപജില്ലയിൽ 10 വയസ്സുള്ള കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലും 2023 ൽ  ജില്ലയിൽ ഇതേ രോഗം പിടിപെട്ട്  ഒരു കുട്ടി മരണമടയുകയും ചെയ്തിട്ടുള്ളതിനാലും അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത അനിവാര്യമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലിറ്റിസ്  ഉണ്ടാക്കാനിടയാക്കുന്നു.
മലിനമായ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും മുങ്ങിക്കുളിക്കുന്നത് പ്രധാന രോഗ കാരണമാണ്. നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും രോഗകാരിയായ നെഗ്ലേറിയ ഫോളറി എന്ന അമീബ ഉണ്ടാകാനിടയുണ്ട്. ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.
തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ രാസവസ്തുക്കൾ വളരെ വേഗം ഭക്ഷണം ആക്കുന്നതിനാൽ തലച്ചോർ തീനി അമീബകൾ എന്നും ഇവ അറിയപ്പെടുന്നു.
രോഗ ലക്ഷണങ്ങൾ
പനി,തലവേദന, ഓക്കാനം, ഛർദ്ദി ,ബോധംനഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം ,പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലും അടുത്തകാലത്ത് കുളിക്കുകയും വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.
പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക .
വൃത്തിയില്ലാത്ത കുളങ്ങൾ ,ജലാശയങ്ങൾ, പാറയിടുക്കുകളിൽ കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക. ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കേണ്ടതാണ്.