വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ:മന്ത്രി ആർ.ബിന്ദു

വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിർമിച്ച വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷൻ രൂപീകരിക്കാനാണ് സാമൂഹികനീതി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനു പര്യാപ്തമായതടക്കമുള്ള സുസജ്ജമായ സംവിധാനമായിരിക്കും വയോജന കമ്മിഷൻ. വിപുലമായ വയോജന സർവേ നടത്തി വയോജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ സമൂഹത്തിൽ ഒരുക്കും.
വയോജന സംരക്ഷണരംഗത്തുള്ള ഹോം നഴ്‌സുമാർക്ക് ശാസ്ത്രീയപരിശീലനം നൽകുന്നതിനുള്ള പദ്ധതി ആരോഗ്യവകുപ്പിന്റെയും സാമൂഹികനീതിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ തയാറാക്കിയിട്ടിട്ടുണ്ട്. ശാസ്ത്രീയപരിശീലനം നൽകി ഹോംനഴ്‌സുമാരെ എംപാനൽ ചെയ്യാനാണു സർക്കാർ തീരുമാനം. വയോജനപരിപാലന മേഖലയിൽ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തിൽ ഉറപ്പാക്കും. വയോജനസംരക്ഷണത്തിൽ വീഴ്ചവരുത്തുന്നവർക്കു മുതിർന്നവരുടേയും രക്ഷാകർത്താക്കളുടേയും ക്ഷേമത്തിനും സംരക്ഷത്തിനുവേണ്ടിയുള്ള കേന്ദ്ര നിയമമായ എം.ഡബ്ല്യൂ.പി.എസ്.സി.എ. പ്രകാരമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന കാര്യത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുകോടി അഞ്ചുലക്ഷം രൂപ മുടക്കി നിർമിച്ച മുളക്കുളത്തെ വൃദ്ധസദനത്തിൽ നൂറ് അന്തേവാസികൾക്കു താമസിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവിധ ആധുനികസൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെ ആസ്ഥാനം എന്ന നിലയിലാണ് പുതിയ കെട്ടിടത്തെ കാണുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച മൂന്നുകോടി രൂപയുടെ നിർമാണപ്രവർത്തികൾ ഉടൻ ആരംഭിക്കും. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ പുതിയകെട്ടിടത്തിൽ ഉണ്ടാകും. മണ്ണ് പരിശോധന നടത്തുന്നതിനുള്ള ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും കെട്ടിടത്തിന്റെ അവസ്ഥയും പരിഗണിച്ചാണ് മുളക്കുളം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് സാമൂഹികനീതി വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ വൃദ്ധസദനത്തിന്റെ കെട്ടിടം പൂർത്തിയാക്കിയത്.
ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ളോക്ക് പഞ്ചായത്തംഗം സുബിൻ മാത്യൂ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ബ്ളോക്ക് പഞ്ചായത്തംഗം കൈലാസ് നാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. സജീവൻ, അനുമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അരുൺ, അജിത്കുമാർ, എ.കെ. ഗോപാലൻ, ശിൽപദാസ്, മേരിക്കുട്ടി ലൂക്കാ, ജോയി നടുവിലേടം, ഷിജി കെ. കുര്യൻ, സാലി ജോർജ്, ജെയ്മോൾ ജോർജ്, പോൾസൺ ബേബി, അനിത സണ്ണി, ജെസി കുര്യൻ, ജില്ലാ സാമൂഹികനീതി ഓഫസർ പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.