അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന സംഘടിത ശ്രമം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് ഉള്‍പ്പടെയുള്ളവയെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഡാലോചനയെ പറ്റി എന്‍.ഐ.എ അന്വേഷിക്കണം.
സെക്രട്ടറിയേറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഫയലുകള്‍ തീവച്ചത് മുതല്‍ ആരംഭിച്ച ഈ അട്ടിമറി നീക്കത്തിന്റെ തുടര്‍ച്ചയാണ് സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത് വന്നത്. നിയമസഭയെപ്പോലും ഈ അട്ടിമറിക്കായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനാപ്രകാരം സ്ഥാപിതമായ ഒരു സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന്റെ തുടക്കത്തിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ സൂക്ഷിച്ചിരുന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീ പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണെന്നാണ് സര്‍ക്കാരും സര്‍ക്കാര്‍ നിയോഗിച്ച സമിതിയും പൊലീസും പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യുട്ട് മൂലമല്ല തീപിടിത്തമുണ്ടായതെന്ന് ഫോറന്‍സികിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞു. ഫോറന്‍സിക് കണ്ടെത്തിലിനെ അട്ടിമറിക്കാന്‍ അപ്പോള്‍ തന്നെ ശ്രമം നടന്നു. ഒരു പൊലീസ് ഐ ജി ഫോറന്‍സിക് ശാസ്ത്രജ്ഞരെ വിളിച്ചു വരുത്തി വിരട്ടി. എന്നിട്ടും ഫോറിന്‍സിക്കുകാര്‍ ഉറച്ച് നിന്നു. ഇപ്പോള്‍ കോടതിയില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് തീവച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഈ തീവയ്പിന്റെ തുടര്‍ച്ചയായി വേണം മറ്റ് അട്ടിമറിശ്രമങ്ങളും കാണേണ്ടത്. ലൈഫ് പദ്ധതിയിലെ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ആയുധമാക്കി. ഫയലുകള്‍ കടത്തി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രിയും പിന്നീട് സ്വരം മാറ്റി.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി ശിവശങ്കരനും സ്വപ്ന സുരേഷും മുഖ്യമന്ത്രിയെ രക്ഷപെടുത്താന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നും രാഷ്ട്രീയക്കാരുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എ്ന്നും ശിവശങ്കരന്‍ കോടതിയില്‍ പറഞ്ഞത് ഇതിന്റെ തുടര്ച്ചയാണ്. സ്വപ്ന സുരേഷിന്റെതായി പുറത്ത് വന്ന ശബ്ദസന്ദേശത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നിരിക്കുന്നത്. സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നില്‍ സി പിഎമ്മിന്റെ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമാണ്. ശബ്ദരേഖ വന്നതിന് പിന്നാലെ അതിന്റെ ചുവട് പിടിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല അരോപിച്ചു.