കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ പിഴയടച്ച് താമസരേഖ നിയമവിധേയം ആക്കുന്നതിനോ ഉള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഡിസംബര്‍ ഒന്നു മുതലാണ് ഭാഗിക പൊതുമാപ്പ് പ്രാബല്യത്തില്‍ വരുക.

നേരത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പകരം എംബസിയിലെത്തി അവയുടെ കാലാവധി പുതുക്കിയാല്‍ മതിയാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് പറഞ്ഞു. ലളിതമായ നടപടി ക്രമങ്ങള്‍വഴി ഇത് പൂര്‍ത്തിയാക്കാം.

നേരത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അവരുടെ താമസ രേഖ നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഔട് പാസ് തിരികെവാങ്ങി ഇത്തരക്കാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.