ഹൂതികളുടെ തടവില്‍നിന്നും മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം

മനാമ: യെമനില്‍ ഹൂതി വിമതര്‍; തട്ടികൊണ്ടുപോയ രണ്ട് മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് ഒമ്പതുമാസത്തിനു ശേഷം മോചനം. കോഴിക്കോട് വടകര കുരിയാടി ദേവപത്മത്തില്‍ ടികെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍.

ഇന്ത്യക്കാരെ ശനിയാഴ്ച ഹൂതികള്‍ വിട്ടയയ്ക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. മോചിതരായവര്‍ യമന്‍ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലില്‍ കഴിയുകയാണ്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഏദന്‍ വിമാനത്താവളംവഴി ഇവരെ നാട്ടിലേയ്ക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 3ന് ഷിപ്പിംഗ് കമ്പനി ജീവനക്കാരായ ഇവരെ ഒമാനിലെ മസീറ എന്ന ദ്വീപില്‍നിന്നും സൗദിയിലെ യാംബൂ തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് ഹുതികള്‍ തട്ടികൊണ്ടുപോയത്.