സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് റിബേറ്റ് ഇനത്തിൽ സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) 252 കോടി രൂപ സബ്സിഡി ആയി നൽകിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകിയ വിവരാവകാശ മറുപടി പ്രകാരം ഈ പദ്ധതിയിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിൽ പതിനായിരത്തിലധികം യൂണിറ്റുകൾക്ക് തുക വിതരണം ചെയ്തിട്ടുണ്ട്. സംരംഭകർക്ക് ആവശ്യമായ പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പിഎംഇജിപി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം സ്ഥാപിച്ചു. വായ്പ്പയോടൊപ്പം ഗുണഭോക്താക്കൾക്ക് സബ്സിഡിയും ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും നഗര പ്രദേശങ്ങളിൽ ജില്ലാ വ്യവസായ കേന്ദ്രവുമാണ് അപേക്ഷകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നത്.