അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. (സർക്കുലർ നം. VIG-C2/205/2021-VIG)
സർക്കാർ/അർധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളിൽനിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കണം.
വിജിലൻസ് ആസ്ഥാനത്തെ ടോൾ ഫ്രീ നമ്പർ 1064 / 8592900900, വാട്സ്ആപ്പ് – 9447789100, ഇ-മെയിൽ: vig.vacb@kerala.gov.in, വെബ്സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സർക്കുലറിനൊപ്പമുള്ള അനുബന്ധത്തിൽ നൽകിയിട്ടുണ്ട്.