ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്

ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള ആശയ വിനിമയത്തിൽ ആയുർവേദ രംഗത്തു കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം തന്നെ രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ സമീപനമാണ് ആയുർവേദത്തിന്റേത്. ആയുർവേദ ഗവേഷണം കേരളം നയിക്കണം. പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതൽ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി കൂട്ടിച്ചേർത്തു നല്ലൊരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്. അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനം ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു.

ആയുർവേദ കോളേജിൽ ഈ അദ്ധ്യയന വർഷത്തിൽ 800ൽ പരം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 85 ശതമാനത്തിലധികം വനിതകളാണ്. നിലവിലുള്ള വനിതാ ഹോസ്റ്റൽ ആയുർവേദ കോളേജിലെ വിദ്യാർഥിനികളെ ഉൾകൊള്ളുന്നതിനു പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് 5.65 കോടി രൂപ ചെലവഴിച്ച് ഒരു പുതിയ വനിതാ ഹോസ്റ്റൽ യാഥാർത്ഥ്യമാക്കിയത്. 33 ആധുനിക സൗകര്യങ്ങളുള്ള മുറികളും അടുക്കളയും ഹാളുകളും പഠനമുറികളും ഉൾപ്പടെയുള്ള സൗകാര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്. പുതിയ വനിതാ ഹോസ്റ്റലിൽ നൂറോളം വിദ്യാർത്ഥിനികൾക്ക് സുഖമായി താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ആയുവർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.ഡി. ശ്രീകുമാർആയുർവേദ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ. രാജംഎം. ഷാജഹാൻഡോ. സി.എസ്. ശിവകുമാർവി.കെ. ഷീജഡോ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.