കേരളത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളിൽ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവർത്തനങ്ങളേയും സംഘം പ്രകീർത്തിച്ചു. ജനുവരി 15 മുതൽ 20 വരെ എറണാകുളം, വയനാട് ജില്ലകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ജോയിന്റ് സപ്പോർട്ടീവ് സൂപ്പർ വിഷൻ ആന്റ് മോണിറ്ററിംഗ് (JSSM) ടീം നടത്തിയ സന്ദർശത്തിന് ശേഷമാണ് അഭിനന്ദനമറിയിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ജില്ലകളിൽ സന്ദർശനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ, നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന്റെ പ്രതിനിധികൾ, ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധികൾ, കേന്ദ്ര സർക്കാർ ഹെൽത്ത് സർവീസിന്റെ പ്രതിനിധികൾ തുടങ്ങി 9 പ്രതിനിധികളാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും രാജ്യത്തൊരിടത്തും ഇപ്പോൾ നിലവില്ലായെന്ന് സംഘം അഭിപ്രായപ്പെടുകയുണ്ടായി.
വയനാട് ജില്ലയിൽ സി.എച്ച്.സി. അമ്പലവയൽ, ബത്തേരി താലൂക്കാശുപത്രി, ട്രൈബൽ ആശുപത്രി നല്ലൂർനാട്, എഫ്.എച്ച്.സി. നൂൽപ്പുഴ, എഫ്.എച്ച്.സി. പൊഴുതന എന്നീ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു. ആസ്പിറേഷൻ ജില്ലയായ വയനാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങളിൽ സംഘം അതീവ സന്തുഷ്ടി രേഖപ്പെടുത്തി. നല്ലൂർനാട് എഫ്.എച്ച്.സി.യിലെ ഫിസിയോതെറാപ്പി സെന്റർ, ജിംനേഷ്യം, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ ലോകോത്തര മാതൃകയാണെന്ന് സംഘം അവകാശപ്പെട്ടു. എല്ലാ ജില്ലകളിലേയും ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംഘം തൃപ്തി അറിയിച്ചു. വാഴക്കാട് എഫ്.എച്ച്.സി.യിലെയും, പൊഴുതന എഫ്.എച്ച്.സി.യിലെയും കാലാവസ്ഥ സൗഹൃദ ആശുപത്രി നിർമ്മാണത്തേയും പ്രവർത്തനത്തേയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
രണ്ടു ജില്ലകളിലെയും ജില്ലാ കളക്ടർമാരുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും കേരളത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിക്കുകയും ചെയ്തു. എറണാകുളത്ത് വച്ച് നടത്തിയ എക്സിറ്റ് മീറ്റിംഗിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ മുൻപാകെ സംഘം റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലീ സ്ക്രീനിംഗ്, എൻ.സി.ഡി. ക്ലിനിക്കുകൾ, ഇ-ഹെൽത്ത് എൻ.സി.ഡി. മൊഡ്യൂൾ, ശ്വാസ്, ഡയാലിസിസ്, റെറ്റിനോപ്പതി ക്ലിനിക്ക്, ഫിസിയോതെറാപ്പി യൂണിറ്റുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, 360 മെറ്റബോളിക് സെന്റർ എന്നിവയെക്കുറിച്ച് പൂർണമായി സംതൃപ്തി രേഖപ്പെടുത്തുകയും കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങൾ വേണ്ട വിധത്തിൽ ഡോക്യൂമെന്റഷൻ നടത്തണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു.