ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തിയ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തിയ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ മാത്രമെ ഇന്ത്യയെ ശുചീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷിക വേളയിലാണ് അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൂട്ടായ പരിശ്രമത്തിലൂടെ സ്വച്ഛ് ഭാരത് പദ്ധതിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പരിപാടിയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

’’ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പലരും സ്വച്ഛ് ഭാരത് മിഷന്‍ ഏറ്റെടുത്തു. ഈ പദ്ധതിയുടെ ലക്ഷ്യം നിറവേറ്റാനായി മുന്നോട്ടുവന്ന എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. സ്വച്ഛ് ഭാരത് മിഷനെ ഒരു ജനകീയ വിപ്ലവമാക്കി മാറ്റിയത് നിങ്ങളാണ്,’’ പ്രധാനമന്ത്രി പറഞ്ഞു.’’ ഈ സുപ്രധാനഘട്ടത്തില്‍ 10000 കോടിരൂപയുടെ ശുചീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. മിഷന്‍ അമൃതിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ ജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കും. നമാമി ഗംഗ, ബയോഗ്യാസ് നിര്‍മാണത്തിനായുള്ള ഗോവര്‍ധന്‍ പദ്ധതി തുടങ്ങിയവയെല്ലാം സ്വച്ഛ് ഭാരത് മിഷനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും,’’ പ്രധാനമന്ത്രി പറഞ്ഞു.