സ്കൂൾ കായികമേളയോടനുബന്ധിച്ചു എറണാകുളത്ത് ജില്ലാ ഭരണകൂടവും പോലീസും ചേർന്നു കൃത്യമായ ഗതാഗത ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഗസ്റ്റ് ഹൗസിൽ കായികമേളയുടെ സബ് കമ്മിറ്റി കൺവീനർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേളയുടെ വിജയത്തിന് വകുപ്പുകളുടെ ക്രോഡീകരിച്ചുള്ള പ്രവർത്തനം ഉണ്ടാകണമെന്നു മന്ത്രി നിർദേശിച്ചു. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ നടക്കുന്നതു നഗര ഹൃദയഭാഗമായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ്. ഇവിടേക്ക് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കും. സൂരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് സജ്ജമാക്കാൻ മന്ത്രി പോലീസിനു നിർദേശം നൽകി. പെൺകുട്ടികൾ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഓരോ കേന്ദ്രത്തിലെയും ചുമതലയുള്ളവർ തമ്മിൽ പരസ്പരം വിവരം കൈമാറും. രക്ഷിതാക്കൾക്കും കുട്ടികൾക്കും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ തയാറാക്കാനും അദ്ദേഹം നിർദേശിച്ചു. മെഡിക്കൽ സംഘത്തിൻ്റെ സേവനം ഏതു സമയത്തും ഉറപ്പുവരുത്തണം. മഴ പെയ്താൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി രാത്രികാലങ്ങളിൽ കുട്ടികളുടെ സഞ്ചാരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. ഗതാഗത തടസം നേരിടുന്ന ഇടങ്ങളിൽ പെട്ടെന്ന് ഇടപെടുന്നതിനായി മൊബൈൽ ട്രാഫിക് ടീമിനെ നിയോഗിക്കണം. മാധ്യമ പ്രവർത്തകർക്കു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.കുട്ടികളുടെ സുഗമമായ യാത്രക്ക് കൊച്ചി മെട്രോയുമായി ചേർന്നു സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. വിവിധ സബ്കമ്മിറ്റി ചുമതലയുള്ള മേയർ എം അനിൽ കുമാർ, പി വി ശ്രീനിജിൻ എം എൽ എ , ടി ജെ വിനോദ് എം എൽ എ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.