സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോർജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്കോർ നേടിയാണ് N.Q.A.S. നേടിയത്. ഇതോടെ സംസ്ഥാനത്തെ 190 ആശുപത്രികളാണ് ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർന്നത്. ഘട്ടം ഘട്ടമായി പരമാവധി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോർജ്
