സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി കൈറ്റിന്റെ ഇ-വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം

മാലിന്യമുക്തം നവകേരളം കാസര്‍കോട് ജനകീയ കാമ്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നവകേരള മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹരിത വിദ്യാലയം ഇ വെയ്സ്റ്റ് നിര്‍മാര്‍ജ്ജന ക്യാമ്പെയ്നുവേണ്ടി കൈറ്റ് തയ്യാറാക്കിയ ഇ വെയ്സ്റ്റ്  മാനേജ്മെന്റ് ആന്‍ഡ് ഡിസ്പോസല്‍ സിസ്റ്റം നിലവില്‍ വന്നു.  സ്‌കൂളുകള്‍ക്ക് ഇ പോര്‍ട്ടലില്‍ തങ്ങളുടെ പഞ്ചായത്ത് സെലക്ട് ചെയ്ത് ഇ-വേസ്റ്റായ സാമഗ്രികളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.  പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യുന്ന ഓരോ ഉപകരണത്തിന്റെയും സ്റ്റോക്ക് രജിസ്റ്ററിലെ പേജ് നമ്പര്‍, സീരിയല്‍ നമ്പര്‍,  ഏകദേശ തൂക്കം എന്നിവയും രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ട്.  കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ജനറേറ്റര്‍, യു.പി.എസ്. പ്രൊജക്ടര്‍, ക്യാമറ, സ്പീക്കല്‍, സൗണ്ട് സിസ്റ്റം, ടിവി , റേഡിയോ തുടങ്ങിയ ഉപയോഗശൂന്യമായതും വാറന്റിയോ എഎംസിയോ നിലവില്ലാത്തതുമായ ഏതൊരു ഉപകരണങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള സ്‌കൂള്‍ തല സമിതി പരിശോധിച്ച് ഇ വെയ്സ്റ്റ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം പോര്‍ട്ടലിലേയ്ക്ക് അപ്ലോഡ് ചെയ്യുകയും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി നിര്‍മ്മാര്‍ജ്ജനം ചെയ്യാം

ജില്ലാതലത്തില്‍ ഓരോ പഞ്ചായത്തിലും ക്രമീകരിച്ച കളക്ഷന്‍ പോയിന്റിലേക്ക് നിശ്ചിത ദിവസം പോര്‍ട്ടലിലേക്ക് ഉള്‍പ്പെടുത്തിയ ഇ-വെയ്സ്റ്റുകള്‍ എത്തിക്കേണ്ടതും അന്നു തന്നെ അത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറേണ്ടതുമാണ്.  കൈമാറിയ തൂക്കത്തിനനുസരിച്ചുള്ള റസീപ്റ്റ് ക്ലീന്‍ കേരള കമ്പനി സ്‌കൂളുകള്‍ക്ക് നല്‍കും.  ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി ഇത്തരത്തിലുള്ള 41 കലക്ഷന്‍ പോയികളും ഉണ്ടായിരിക്കും.  ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹരിത വിദ്യാലയം എന്ന പദവിയിലേക്കുയരാന്‍ ഈ സൗകര്യം ഉപയോഗപ്രദമാകും.