സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന ഊർജ വകുപ്പ് സ്ഥാപനമായ എനർജി മാനേജ്മെന്റ് സെന്ററാണ് അവാർഡുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജക്ഷമതയുള്ള ഉൽപ്പന്നങ്ങളുടെ പ്രമോട്ടർമാർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളും എന്നീ വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിച്ചത്. അവാർഡിനായി ലഭ്യമായ അപേക്ഷകൾ സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2024-ൽ ആകെ 78 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അവാർഡിനായി അപേക്ഷ നൽകിയവർ ആകെ 43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും 60278 ടൺ ഇന്ധനവും ലാഭിച്ചു. വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ എറണാകുളം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കോഴിക്കോട് പീകെ സ്റ്റീൽ കാസ്റ്റിംഗ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ അവാർഡ് പങ്കിട്ടു. ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇടത്തരം ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ ആലപ്പുഴ വി കെ എൽ സീസണിംഗ് പ്രൈവറ്റ് ലിമിറ്റഡ് ജേതാക്കളായി. ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് സമ്മാനം MRCMPU ലിമിറ്റഡ് മിൽമ വയനാട് ഡയറി ഈ വിഭാഗത്തിൽ പ്രശസ്തി പത്രത്തിനർഹരായി. തൃശൂർ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് ചെറുകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ പ്രശസ്തി പത്രം കരസ്ഥമാക്കി. മാർ സ്ലീവ മെഡിസിറ്റി പാലാ, കെട്ടിടങ്ങളുടെ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടനകൾ/ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലും അവാർഡ് നേടി. ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് സമ്മാനം. കേരള വാട്ടർ അതോറിറ്റി ഈ വിഭാഗത്തിൽ പ്രശസ്തി പത്രം നേടി. ഊർജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ എന്ന വിഭാഗത്തിൽ 50000 രൂപയും അവാർഡും നേടി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എറണാകുളം അവാർഡ് നേടി. ഇതേ വിഭാഗത്തിൽ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ്, തൃശൂർ പ്രശസ്തി പത്രത്തിനർഹരായി. ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികളുടെയും വിഭാഗത്തിൽ F5 സസ്റ്റൈനബിലിറ്റി കൺസൾട്ടന്റ്സ്, എറണാകുളം പ്രശസ്തി പത്രം നേടി.