എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.