അദാലത്തുകളിൽ സ്വീകരിക്കുന്ന സമീപനം ഓഫീസുകളിലും ഉദ്യോസ്ഥർ സ്വീകരിച്ചാൽ ജനങ്ങളുടെ പരാതി പരിഹാരം അതിവേഗം സാധ്യമാകുമെന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.
പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കുന്നത്തുനാട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോസ്ഥർ തയാറാക്കിയ റിപ്പോർട്ട് പരിശോധിച്ചു പരാതികളിന്മേൽ ചർച്ച നടത്തിയാണ് അദാലത്തിൽ പരിഹാരം കണ്ടെത്തുന്നത്.
നിയമത്തിനും ചട്ടത്തിനും വിധേയമായിട്ടാണിത്. സാധാരണക്കാർക്ക് അനുകൂലമായ രീതിയിൽ നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിച്ചാണു പരിഹാരം കാണുന്നത്. ചർച്ചകൾക്കും പഠനങ്ങൾക്കുമുള്ള ഇടം കൂടിയാണ് അദാലത്ത്. ഏതു രീതിയിൽ പ്രശ്നം പരിഹരിക്കാമെന്നു മന്ത്രിമാരും ഉദ്യോഗസ്ഥരും പരാതിക്കാരായ ജനങ്ങളും ചേർന്നു ചർച്ച നടത്തുന്നു. ഈ സമീപനം ആയിരക്കണക്കിനാളുകൾക്കു പരാതി പരിഹാരം സാധ്യമാക്കി ആശ്വാസം പകരുമെന്നും മന്ത്രി പറഞ്ഞു.
അദാലത്തിൽ നിയമ – ചട്ട പ്രകാരമുള്ള തീരുമാനം മാത്രം – മന്ത്രി പി രാജീവ്
നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തിൽ എടുക്കുക യെന്നു മന്ത്രി പി രാജീവ്.
അദാലത്ത് ഉദ്ഘാടനയോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഏതേലും നിയമവും ചട്ടവും തടസ്സമാകുന്നു എന്നു കണ്ടാൽ അതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു മാറ്റം വരുത്താൻ പിന്നീട് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭരണസംവിധാനം കാര്യക്ഷമമായി അതിവേഗതയിൽ സേവനങ്ങൾ നൽകുകയാണെങ്കിൽ ഇത്തരം അദാലത്തുകളുടെ ആവശ്യമില്ല. മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ആ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്. ഉദ്യോഗസ്ഥരാണു സർക്കാർ സംവിധാനം ചലിപ്പിക്കേണ്ടത്. എന്നാൽ പലപ്പോഴും ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോഴാണു ഇത്തരം അദാലത്തുകൾ സംഘടിപ്പിക്കാൻ നിർബന്ധിതമാകുന്നതെന്നും മന്ത്രി പറഞ്ഞു . ജനങ്ങൾക്ക് അനുകൂലമായി ചട്ടങ്ങളെ വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പരാതികൾ കുറഞ്ഞതു ഭരണസംവിധാനം കാര്യക്ഷമമായി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നത്തുനാട് എം എൽ എ പി.വി. ശ്രീനിജിൻ, പെരുമ്പാവൂർ എം എൽ എ എൽദോസ് പി കുന്നപ്പിള്ളിൽ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡി എഫ്ഒ കുറ ശ്രീനിവാസ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, കെ. സിന്ധു, തഹസിൽദാർമാരായ കെ.എസ്. സതീശൻ, ടി.കെ. ഉണ്ണികൃഷ്ണൻ, ആർഡിഒ പി.എൻ. അനി തുടങ്ങിയവ൪ പങ്കെടുത്തു.