പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

ദില്ലി: പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ​ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. 45 നും 65 നും ഇടയിൽ പ്രായമുള്ള പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) മാത്രമുള്ളതാണ് ട്രെയിൻ. ട്രെയിനിൽ 156 പേർക്ക് യാത്ര ചെയ്യാം. തീവണ്ടിയുടെ കന്നി യാത്ര വ്യാഴാഴ്ച ആരംഭിക്കും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അയോധ്യ, പട്‌ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുരൈ, കൊച്ചി, ഗോവ, ഏകതാ നഗർ (കെവാഡിയ), അജ്മീർ, പുഷ്കർ, ആ​ഗ്ര ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളിലേക്കായിരിക്കും യത്ര. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിൻ്റെ ഓർമ്മയ്ക്കായാണ് 2025 ജനുവരി 09 കന്നിയാത്രക്കായി തെരഞ്ഞെടുത്തത്. വിനോദസഞ്ചാരികൾക്ക് അയോധ്യയിലെ രാമമന്ദിർ, പാറ്റ്നയിലെ വിഷ്ണുപദ്, മഹാബോധി ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, മധുരയിലെ മീനാക്ഷി ക്ഷേത്രം, മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാം. പട്‌ന സാഹിബ് ഗുരുദ്വാര, ഫോർട്ട് കൊച്ചിയിലെ പഴയ പള്ളികൾ, അജ്മീർ ദർഗ എന്നിവയും ലക്ഷ്യസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സഹകരിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രവാസി തീർഥ ദർശൻ യോജന പദ്ധതിക്ക് കീഴിലാണ് യാക്പ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾ യാത്രക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ വംശജർക്കാണ് മുൻ​ഗണന നൽകുന്നത്. മേൽപ്പറഞ്ഞ ട്രെയിൻ പര്യടനത്തിനുള്ള എല്ലാ ചെലവുകളും മന്ത്രാലയം വഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. പങ്കെടുക്കുന്നവർ അവരുടെ മടക്കയാത്രാ നിരക്കിൻ്റെ 10% മാത്രമേ വഹിക്കേണ്ടതുള്ളൂ. പദ്ധതി പ്രകാരം പങ്കെടുക്കുന്നവർക്ക് 4-സ്റ്റാർ അല്ലെങ്കിൽ സമാന വിഭാഗത്തിലുള്ള ഹോട്ടലുകളിൽ താമസസൗകര്യം ലഭിക്കും.