ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. എട്ടുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയുവാനായി തയ്യാറാക്കിയ പോർട്ടലാണ് അസാപ് എ.സി.ഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാലുവേഷൻ). വിമൻസ് കോളേജ് നടത്തുന്ന കോഗ്‌നിറ്റോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡിറക്ടറായ ഡോ. ഉഷ ടൈറ്റസിന്റെ സാനിധ്യത്തിൽ എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളിന്റെയും, ദി സ്‌കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് ന്റെയും പ്രിൻസിപ്പൽമാർക്ക് എ.സി.ഇ ടെസ്റ്റ് റിപ്പോർട്ട് കൈമാറിക്കൊണ്ടാണ് മന്ത്രി എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജു, വിമൻസ് കോളേജ് പ്രിൻസിപ്പലായ അനില.ജെ.എസ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ.കെ, അഡീഷണൽ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.സുനിൽ.ജോൺ.ജെ, വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്. വി.എസ് എന്നിവർ സന്നിഹിതരായിരുന്നു.