റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും

ജനുവരി 26ന് ആശ്രാമം മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. ദേശീയ പതാക ഉയര്‍ത്തി അദ്ദേഹം സായുധസേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.50ന് പരേഡിന് തുടക്കമാകും. 8.52ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. ഒമ്പതിന് മുഖ്യാതിഥി എത്തിച്ചേരും. 9.05ന് ദേശീയ പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധന നടത്തും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. മൊമെന്റോ വിതരണം ചെയ്തതിന് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡ് നടത്തും. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷം നേരിട്ട് കാണുന്നതിന് ആശ്രാമം മൈതാനത്ത് സൗകര്യമുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.