മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; വേതനം ഇനത്തില്‍ 114.74 കോടി ചെലവഴിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ഇനത്തില്‍ 114.74 കോടി ചെലവഴിച്ചുതായി ജില്ലാ വികസന ഏകോപനവും നിരീക്ഷണവും സമിതി (ദിശ) പാദ വാര്‍ഷിക യോഗംവിലയിരുത്തി. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. ദിശ മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി.  2024-25 ലേബര്‍ ബജറ്റ് പ്രകാരം 2025 മാര്‍ച്ചില്‍ 51,83,015 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കില്‍ 9,07,571 തൊഴില്‍ ദിനങ്ങളും കാറഡുക്ക ബ്ലോക്കില്‍ 9,49,346 തൊഴില്‍ ദിനങ്ങളും  കാസര്‍കോട് ബ്ലോക്കില്‍ 6,55,139 തൊഴില്‍ ദിനങ്ങളും മഞ്ചേശ്വരം ബ്ലോക്കില്‍ 4,15,837 തൊഴില്‍ ദിനങ്ങളും നീലേശ്വരം ബ്ലോക്കില്‍ 9,76,698 തൊഴില്‍ ദിനങ്ങളും പരപ്പ ബ്ലോക്കില്‍ 12,78,424 തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചു. പട്ടികജാതി വിഭാഗത്തില്‍ 121 കുടുംബങ്ങളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 1730 കുടുംബങ്ങളും മറ്റ് വിഭാഗത്തില്‍ 2413 കുടുംബങ്ങളുമായി ജില്ലയില്‍ ആകെ 4264 കുടുംബങ്ങള്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ ആകെ 108063 സജീവ തൊഴിലാളികളാണുള്ളത്.  4037 പട്ടികജാതി കുടുംബങ്ങളും 9605 പട്ടികവർഗ്ഗ കുടുംബങ്ങളും മറ്റ് വിഭാഗത്തില്‍ 52756 കുടുംബങ്ങളുമായി 66398 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളത്.

ഗ്രാമീണ മേഖലയിലെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയില്‍ 2016-17, 2017-18 വര്‍ഷങ്ങളില്‍ അനുവദിച്ച 855 വീടുകളില്‍ 848 വീടുകള്‍ പൂര്‍ത്തിയായി. ഏഴ് വീടുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. പി.എം.എ.വൈ ഗ്രാമീണ്‍ ആവാസ് പ്ലസ് 2021-22 വര്‍ഷം അനുവദിച്ച 670 വീടുകളില്‍ 629 വീടുകള്‍ പൂര്‍ത്തിയായി. പി.എം.എ.വൈ ഗ്രാമീണ്‍ 2024-25 വര്‍ഷം 1342 വീടുകള്‍ അനുവദിച്ചു. 469 വീടുകള്‍ക്ക് ആദ്യ ഗഡു അനുവദിച്ചു.

സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 6554 അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കി. പ്രവേശനോത്സവങ്ങള്‍, സ്റ്റാര്‍സ് സ്‌കൂള്‍ വര്‍ണ്ണക്കൂടാരം, മെഡിക്കല്‍ ക്യാമ്പ്, മഞ്ചാടി , വേനല്‍ക്കാല ചങ്ങാതിക്കൂട്ടം, ക്ലസ്റ്റര്‍ അധ്യാപക സംഗമം,പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനം, സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം, കായികോത്സവം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നത്.  ജില്ലയിലെ 526 വിദ്യാലയങ്ങളിലെ 1,32,515 വിദ്യാര്‍ത്ഥികള്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

ഹൃദ്യം പദ്ധതിയില്‍ ജില്ലയില്‍ കേരളത്തില്‍ 93 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുകയും 27 കുട്ടികള്‍ക്ക് സൗജ്യ ഹൃദയ ശാസ്ത്രക്രിയ വിജയകരമായി നടത്തി. ഇതുവരെ ജില്ലയില്‍ 357 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗര്‍ഭിണികളിലെ സങ്കീര്‍ണതകള്‍ നേരത്തെ കണ്ടെത്തി മാതൃ മരണ നിരക്ക് കുറക്കുന്നതിനായി ആവിഷ്‌ക്കരിച്ച പ്രധാന്‍മന്ത്രി മാതൃ സുരക്ഷിത് അഭിയാന്‍ പദ്ധതി ബേഡഡുക്ക സി.എച്ച്.സി, വെള്ളരിക്കുണ്ട് പി.എച്ച്.സി, കയ്യൂര്‍ എഫ്.എച്ച്.സി എന്നിവിടങ്ങളില്‍ വിജയകരമായി നടത്തി വരുന്നു. ഇതുവരെ 325 പേര്‍ക്ക് സേവനം നല്‍കി.

ജല്‍ജീവന്‍ മിഷനില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കി വരുന്നു. ഡി.ഡി.യു.ജി.കെ വൈ പദ്ധതിയില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ യുവജനങ്ങള്‍ നൈപുണ്യ പരിശീലനം നേടി വരുന്നു.

പി.എം ജാന്‍മന്‍ പദ്ധതിയുടെ ഭാഗമായി പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട കൊറഗ വിഭാഗക്കാര്‍ക്കുള്ള സമഗ്ര വികസന പദ്ധതി നടപ്പിലാക്കി വരുന്നു. വവിധ വകുപ്പുകളുടെ സഹകരണത്തോടെ പാര്‍പ്പിടം, കുടിവെള്ളം, റോഡ്, ഹോസ്റ്റലുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സാനിറ്ററി വേസ്റ്റ് മാനേജ്മന്റ് ഇനത്തില്‍ ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളും മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, കാസര്‍കോട് നഗരസഭ എന്നീ സ്ഥാപനങ്ങളില്‍ ഡബിള്‍ചേമ്പര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും.

ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ കാലാജാഥ, ലൈഫ് സ്‌കില്‍ ട്രെയ്‌നിങ്, ആര്‍ത്തവ ശുചിത്വം, ആര്‍ത്തവ ആരോഗ്യം, ആര്‍ത്തവം സംബന്ധിച്ച കെട്ടുകഥകളും വിലക്കുകളും ഇല്ലാതാക്കാന്‍ പരിശീലന പരിപാടി, പോക്‌സോ ആക്ട് ബോധവത്ക്കരണം, പെണ്‍കുട്ടികള്‍ക്ക് ഔട്ട്‌റീച്ച് പരിപാടി തുടങ്ങി വിവിധ പരിപാടികളാണ് നടത്തി വരുന്നത്. പ്രധാനമന്ത്രി മാതൃവന്ദന യോജന, മിഷന്‍ വാത്സല്യഅനുപൂരക പോഷകാഹാര പദ്ധതി, മഹിള ശക്തി കേന്ദ്ര തുടങ്ങിയ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടന്നു വരുന്നു.

യോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പി.എ ജസ്റ്റിന്‍ സ്വാഗതവും എല്‍.എസ്.ജി.ഡി എ.എസ്.ഒ കെ.വി നന്ദിയും പറഞ്ഞു. വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.