‘ആരോഗ്യം ആനന്ദം’ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കം

കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആരോഗ്യം ആനന്ദം: അകറ്റാം അര്‍ബുദം’ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. പാല്‍ക്കുളങ്ങര കാഷ്യു ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുവണ്ടി ഫാക്ടറിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബോധവത്കരണ അവതരണ ഗാനം ഡോ . ശരത് രാജന്‍ ആലപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കുമാരി,, ഡിവിഷന്‍ കൗണ്‍സിലര്‍ ആരതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.  അനു എം എസ്,  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.  പ്ലാസ,  ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യാ ശശി, ഡോ.  സൗമ്യ, ഡോ.സബീന, ഡോ . മിനി എസ് നായര്‍,  ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ദിലീപ് ഖാന്‍ എം, ഷാലിമ ടി, പ്രദീപ് കുമാര്‍, അബ്ദുല്‍ ഹസന്‍ പി  കെ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് തൊഴിലാളികള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ പരിശോധന നടത്തി. ക്യാമ്പിന് ഡോ. രജനി, ഡോ. വൃന്ദ, എന്നിവര്‍ നേതൃത്വം നല്‍കി.
വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാമ്പയിന്‍. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെ കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ സംബന്ധിച്ച് സമൂഹത്തിലെ മിഥ്യാധാരണകളും ഭീതിയും അകറ്റുക, കാന്‍സര്‍ ബാധിതരോട് സഹാനുഭൂതി വര്‍ധിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും മരണനിരക്ക് കുറക്കുകയും ചെയ്യുക തുടങ്ങിയവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍സര്‍ പ്രതിരോധ പരിപാടിയാണിത്. മെഡിക്കല്‍ കോളജുകള്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങള്‍, ആരോഗ്യ കേരളം, സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍, ഡയഗ്നോസ്റ്റിക് നെറ്റ്വര്‍ക്ക്, ലബോറട്ടറികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: വിളംബര ജാഥ നടത്തി
കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആരോഗ്യം ആനന്ദം: അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ട് വരെ നടത്തുന്ന ക്യാമ്പയിന്റെ പ്രചാരണാര്‍ഥം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ. പി. പ്ലാസ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് തീം സോങ് അവതരണവും ഫ്‌ലാഷ് മോബും അരങ്ങേറി. കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രിയില്‍ സമാപിച്ച വിളംബര ജാഥയില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊല്ലം ഗവ. നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.